Thursday, 26 April 2012

കുമ്പസാരങ്ങളല്ല തുറന്നുപറച്ചിലാണ്

ഈ ബ്ളോഗിലൂടെ പറയുന്നതൊന്നും കുമ്പസാരങ്ങളല്ല. ഇതുവരെയുള്ള ജീവിതത്തില്‍ ഉണ്ടതും ഉറങ്ങിയതും ചിരിച്ചതും കരഞ്ഞതും പോലെ എന്റെ ലൈംഗിക ചേതനയെ ഉണര്‍ത്തുകയും വളര്‍ത്തുകയും പൊള്ളിക്കുകയും ചെയ്ത അനുഭവങ്ങളുമുണ്ട്. ഇന്നും പിടിതരാത്ത വൈചിത്യ്രങ്ങള്‍, ലജ്ജിപ്പിച്ച വൈകൃതങ്ങള്‍, കൌതുകങ്ങള്‍, ഓര്‍ത്തെടുകകാന്‍ ആഗ്രഹിക്കുന്നവ, മറക്കാന്‍ കൊതിച്ചവ അങ്ങനെ എന്തൊക്കെ. തിരിച്ചറിവിനും കണ്ടെത്തലിനുമുള്ള ശ്രമമായി ഇനിയുള്ള വാക്കുകള്‍ മാറിയേക്കാം. പ്രിയ വായനക്കാരാ.. ഇവിടെ തുടരുക.
സ്വതന്ത്രവും സത്യസന്ധവുമായ തുറന്നുപറച്ചിലാണ് ഞാനിവിടെ ആഗ്രഹിക്കുന്നത്. ലൈംഗിക ജീവിതത്തെയും ആസക്തികളെയും കുറിച്ചുളള തുറന്നടി അധികമാരും ഇഷ്ടപ്പെടുന്നില്ല. പറയുന്ന കാര്യത്തില്‍ മാത്രം. കേള്‍ക്കാനാണെങ്കില്‍ പ്രശ്നമില്ല. മലയാളിയുടെ പൊതു സ്വഭാവമായി ഇതിനെ പരിഗണിക്കാം. ഇവിടെ തുറന്നുപറച്ചില്‍ എന്ന് ഞാന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതെത്രത്തോളം വരെ പോകും എന്നതില്‍ എനിക്കു സംശയമുണ്ട്. അതിനുള്ള കാരണങ്ങള്‍ പറയേണ്ടതില്ലല്ലോ. ഇത് വായിക്കുന്നവര്‍ ഒരു വേള അവരിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ ഓരോരുത്തരും ഭയപ്പെടുന്നത് എന്തൊക്കെ ആ ഫയലില്‍ സ്വയം ഉള്ളടക്കം ചെയ്തിട്ടുണ്ടെന്ന് ബോധ്യമാകും. അവ വെളിപ്പെടുത്തുന്നതു പോയിട്ട് അതിലേക്ക് തിരിഞ്ഞ് നോക്കുന്നത് പോലും ഇഷ്ടപ്പെടാത്തവരാകും കൂടുതല്‍പ്പേരും. എങ്കിലും എനിക്ക് പിന്‍വാങ്ങാന്‍ വയ്യ. എന്റെ തിരിച്ചറിയല്‍ മാര്‍ക്കുകള്‍ തല്‍ക്കാലം മറച്ചുവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. എക്കാലത്തേക്കുമല്ല. അത് തിരക്കിട്ട് വെളിപ്പെടുത്തിയിട്ട് വായനക്കാര്‍ക്ക് എന്തെങ്കിലും കാര്യമുണ്ടെന്നും കരുതുന്നില്ല.

No comments:

Post a Comment